Wednesday, May 15, 2024 Last Updated 59 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 25 Nov 2016 02.31 AM

നോട്ട്‌ അസാധുവാക്കിയത്‌ ആസൂത്രിത കൊള്ള: മന്‍മോഹന്‍ സിങ്‌

ന്യൂഡല്‍ഹി : നോട്ട്‌ അസാധുവാക്കിയ നടപടി ആസൂത്രിത കൊള്ളയും നിയമാനുസൃതമാക്കപ്പെട്ട കവര്‍ച്ചയുമാണെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌. രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിലായിരുന്നു മന്‍മോഹന്റെ വിമര്‍ശനം.
"കള്ളപ്പണവും ഭീകരര്‍ക്കുള്ള ഫണ്ടിങ്ങും വ്യാജ കറന്‍സിയും തടയുകയെന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തോട്‌ വിയോജിപ്പില്ല. എന്നാല്‍, സാധാരണക്കാരെ ഏറെ കഷ്‌ടപ്പെടുത്തിയ ഈ നടപടി കെടുകാര്യസ്‌ഥതയുടെ ചരിത്ര സ്‌മാരകമാകും. നോട്ടുകള്‍ പിന്‍വലിച്ചതു മൂലമുള്ള പ്രശ്‌നങ്ങള്‍ തീരാന്‍ അമ്പതു ദിവസത്തെ പരിധിയാണ്‌ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്‌. അതുവരെ പാവപ്പെട്ടവര്‍ കടുത്ത ദുരിതത്തിലാണ്‌. സ്വന്തം അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ സാധിക്കാത്ത സ്‌ഥിതി ലോകത്ത്‌ മറ്റേതെങ്കിലും രാജ്യത്ത്‌ ഉണ്ടാകുമോ. ദീര്‍ഘകാലത്തേക്കു ഗുണം ചെയ്യും എന്നു പറയുമ്പോള്‍ ഭാവിയില്‍ നാം ജീവിച്ചിരിക്കണമെന്നില്ല എന്ന കാര്യം ഓര്‍മിക്കണം.
അവസാന മണിക്കൂറിലെങ്കിലും നോട്ടു പിന്‍വലിക്കല്‍ തീരുമാനം കൊണ്ട്‌ സാധാരണക്കാര്‍ക്കുണ്ടായ ദുരിതം പരിഹരിക്കാന്‍ പ്രധാനമന്ത്രി പ്രായോഗികമായ പരിഹാരം കാണുമെന്നാണു പ്രതീക്ഷ." -മന്‍മോഹന്‍ സിങ്‌ പറഞ്ഞു.
ഇന്നലെ രാജ്യസഭ ചേര്‍ന്നപ്പോള്‍ പ്രധാനമന്ത്രി സഭയിലെത്തണമെന്ന ആവശ്യമുയര്‍ത്തി പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. ബഹളം മൂലം പിരിഞ്ഞ രാജ്യസഭ ചോദ്യോത്തര വേളയ്‌ക്കായി വീണ്ടും ചേര്‍ന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സഭയിലെത്തി. ഇതോടെ ചോദ്യോത്തര വേള നിര്‍ത്തി റദ്ദാക്കി നോട്ട്‌ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു. ചര്‍ച്ചയ്‌ക്കു തയാറാണെന്നും പ്രധാനമന്ത്രി വിഷയത്തിലിടപെട്ടു സംസാരിക്കുമെന്നും ജയ്‌റ്റ്‌ലിയും ഉറപ്പു നല്‍കി. തുടര്‍ന്നാണ്‌ മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ നടപടക്കെതിരേ ആഞ്ഞടിച്ചത്‌.
തുടര്‍ന്നു സംസാരിച്ച തൃണമൂല്‍ എം.പി ഡെറിക്‌ ഒബ്രിയനും തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ടു. പിന്നാലെ സംസാരിച്ച സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ നരേഷ്‌ അഗര്‍വാള്‍ ഈ തുഗ്ലക്ക്‌ പരിഷ്‌കാരം എത്രയും വേഗം പിന്‍വലിക്കണമെന്നാണ്‌ ആവശ്യപ്പെട്ടത്‌. ഉച്ചയ്‌ക്കു സഭ പിരിയുന്നതിനു മുമ്പായി പ്രധാനമന്ത്രി ചര്‍ച്ചയിലുടനീളം പങ്കെടുത്ത്‌ സഭയിലിരിക്കണമെന്ന്‌ ബി.എസ്‌.പി നേതാവ്‌ മായാവതി ആവശ്യപ്പെട്ടു. 90 ശതമാനം ആളുകള്‍ സര്‍ക്കാര്‍ നടപടിയെ പിന്തുണയ്‌ക്കുന്നു എന്ന്‌ പ്രധാനമന്ത്രി പറയുമ്പോള്‍ 90 ശതമാനം ആളുകള്‍ ഇപ്പോഴും ക്യൂവില്‍ നില്‍ക്കുകയാണെന്നും മായാവതി ആരോപിച്ചു.
എന്നാല്‍, ഉച്ചയ്‌ക്കു ശേഷം രാജ്യസഭ വീണ്ടും ചേര്‍ന്നപ്പോള്‍ മോഡിയുടെ അസാന്നിധ്യത്തില്‍ പ്രതിപക്ഷം വീണ്ടും പ്രതിഷേധമുയര്‍ത്തി. പ്രധാനമന്ത്രി ഒരു മണിക്കൂറോളം ഇവിടെയുണ്ടായിരുന്നു. എന്നാല്‍, ചര്‍ച്ചയിലുടനീളം സഭയിലിരിക്കണമെന്ന്‌ പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെടാനാകില്ലെന്ന്‌ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, പ്രധാനമന്ത്രി ചര്‍ച്ചയ്‌ക്കിരിക്കാതെ സഭാനടപടികള്‍ തുടരാന്‍ അനുവദിക്കില്ലെന്ന്‌ പ്രതിപക്ഷവും നിലപാട്‌ കടുപ്പിച്ചു. പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്നൊഴിഞ്ഞു മാറാന്‍ കാരണങ്ങള്‍ കണ്ടെത്തുകയാണെന്ന്‌ അരുണ്‍ ജയ്‌റ്റ്‌ലി ആരോപിച്ചു. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ മൂന്നു മണിവരെ പിരിഞ്ഞു.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Friday 25 Nov 2016 02.31 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW